Saturday, 6 August 2011

ഫേസ് ബുക്ക്


ഫേസ് ബുക്ക് അറിയുന്തോറും അടുപ്പം കൂടുന്ന ഒരു മഹാസംഭവം.അലഞ്ഞിട്ടുണ്ട് അതിന്റുള്ളില്‍.ലാപ്പ് ടോപ്പില്‍ ഇന്റര്‍നെറ്റില്‍ കുത്തികൊണ്ടിരിക്കുന്നവന് ഒരു ആഗ്രഹമുണ്ടാകുന്നു . 
എന്താ? !! ഫേസ് ബുക്കില്‍ ചെന്നുകയറാന്‍... എന്തിനാ? ഒരു പ്രൊഫൈല്‍ ഉണ്ടാക്കണം..
ഫേസ് ബുക്ക് !! സൗഹ്രിദകൂട്ടായ്മയുടെ മാന്ത്രികവലയത്തെ കുറിച്ച് പഠിക്കാന്‍ ചെന്ന് ചോദിച്ചത് ഒരു പഴയ കൂട്ടുകാരന്റെ അടുത്ത്. 
മൂപ്പരു നല്ല തിരക്കാ.. എന്താ സംഭവം ..നല്ല "എ" ക്ലാസ് പഞ്ചാര .
ആവശ്യം അറിയിച്ചു .യൂസര്‍ നെയിം പാസ് വേര്‍ഡ് തരാന്‍ പറഞ്ഞു .
ഇന്നലെ ഇന്റര്‍നെറ്റ് കണ്ടവന്റെ കയ്യില്‍ എന്താ ഉള്ളത്... ഒന്നുമില്ല. 
ഒടുവില്‍ ഇന്റര്‍നെറ്റിന്റെ ബാലപാഠം ചൊല്ലിതന്ന ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് ഒരു യാഹൂവില്‍ ഒരു ഐഡി ഉണ്ടാക്കി കൊടുത്തു.ഉണ്ടാക്കി കൊടുത്ത ഉടന്‍ മൂപ്പരു ഒരു പ്രൊഫൈല്‍ അങ്ങു പടച്ചു തന്നു.. 
പിന്നെ വാളില്‍ സ്റ്റാറ്റസും ,കമന്റില്‍ ലൈക്കുമായി കാലം ഒരുപാട് .
ഒടുവില്‍ ഒരുനാള്‍ ഗുരുവിന്റെ വാളില്‍ ഒരു നന്ദിവാക്കും പോസ്റ്റി യാത്രതുടര്‍ന്നു. ഇന്നും തീരാത്ത പോസ്റ്റുകള്‍..


സ്റ്റാറ്റസിന്റെ അടിയില്‍ ലൈക്ക് അടിക്കുന്നത് ഒരിക്കലും അവസാനിക്കുനില്ല


ശംഭോ മഹാദേവാ..

Saturday, 30 July 2011

FRIENDSHIP Day സൗഹ്രിദ ദിനം

ജീവിതത്തിന്റെ ഒഴുക്കിനൊപ്പം മനുഷ്യന്‍ തുഴയുമ്പോള്‍ അതിനിടയില്‍ നമ്മള്‍ മറന്നുപോകുന്നത് സൗഹ്രിദം എന്ന സ്നേഹത്തിന്റെ അടയാളമാണ്.ഏതൊരു സ്നേഹബന്ധത്തിനപ്പുറം അമൂല്യമായ ഒരു മനുഷ്യബന്ധം അതാണ്‍ സൗഹ്രിദം.ബാല്യത്തിന്റെ പിഞ്ചുകാലുകള്‍ പിച്ചവെയ്ക്കുമ്പോള്‍ കൈകോര്‍ത്തുപിടിച്ചു നടന്ന ,അക്ഷരങ്ങള്‍ കോറിയിടുന്ന സ്ലേറ്റിന്റെ നിറം മങ്ങാതിരിക്കാന്‍ മഷിതണ്ടു പങ്കുവെച്ച , കലാലയത്തിന്റെ വസന്തകാലങ്ങളില്‍ ഒരു മനസ്സുമായി കൂടെ നടന്ന ആ കൂട്ടുകാരെ,അവരുടെ നന്മമാത്രം നിറഞ്ഞ സത്യമായ സ്നേഹത്തെ ഓര്‍ത്തെടുക്കാന്‍ പറ്റുമെങ്കില്‍ ഒരു ആശംസവാക്കുകളും,സ്നേഹസന്ദേശങ്ങളുമായി അവരിലേക്ക് മറന്നുപോയ സൗഹ്രിദത്തിന്റെ അടിവേരുകള്‍ ഊട്ടിയുപ്പിക്കാന്‍ ഒരു ദിനം നമ്മളിലേക്ക് കടന്നുവന്നിരിക്കുന്നു.ആഗസ്ത് 1 FRIENDSHIP DAY. ജീവിതത്തില്‍ എന്നും ഓര്‍ത്തുവെക്കാനുള്ളതും ഈ സൗഹ്രിദത്തിന്റെ ഓര്‍മ്മകള്‍ മാത്രമായിരിക്കും.ജാതിയും,മതവും,നിറവും തരവും എല്ലാം മറന്ന് രണ്ട് മനസ്സുകള്‍ തമ്മില്‍ സത്യമായ ഒരു സ്നേഹം,ആത്മബന്ധം പങ്കിടുന്നത് ഈ സൗഹ്രിദത്തിലൂടെ മാത്രം.കാലത്തിന്റെ കടന്നുപോക്ക്, വിവരസങ്കേതിക വിദ്യയുടെ വളര്‍ച്ച ഇതെന്നും സൗഹ്രിദത്തിന് ഒരു മുതല്‍കൂട്ടാകുന്ന ഈ കാലഘട്ടത്തില്‍ മണ്‍മറഞ്ഞെന്നു കരുതിയ,അല്ലെങ്കില്‍ കാണമറയത്ത് നഷ്ടപ്പെട്ടുപോയ പല സൗഹ്രിദങ്ങളും ഇന്റ്ര്‍നെറ്റിലെ സൗഹ്രിദകൂട്ടായ്മകളിലൂടെ നമുക്ക് തിരിച്ചുപിടിക്കാന്‍ കഴിയുന്നു എന്നതും സന്തോഷകരമായ ഒരു കാര്യമാകുന്നു.ഒരു ഈമെയിലിലൂടെയോ,ചാറ്റിങ്ങിലൂടെയോ പരസ്പരം ആ സൗഹ്രിദത്തിന്റെ പച്ചപ്പുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുമ്പോള്‍ മനസ്സ് ചെന്നെത്തുന്നത് ഒരു പക്ഷേ ചളിവെള്ളത്തില്‍ ആര്‍പ്പുവിളിക്കുന്ന ബാല്യത്തിന്റെ ഓര്‍മ്മകളിലേക്കോ അല്ലെങ്കില്‍ പ്രണയത്തിന്റെ നനുത്ത ഓര്‍മ്മകള്‍ ഒളിഞ്ഞികിടക്കുന്ന കലാലയത്തിന്റെ മരത്തണലിലേക്കോ ഒന്നിനുമല്ലാതെ പിണങ്ങിയിരുന്ന ദിവസങ്ങളിലേക്കോ ആവാം..ദൈവത്തിന്റെ കയ്യൊപ്പോടുകൂടിയ ഈ അനശ്വരബന്ധത്തിന്റെ സ്നേഹത്തിന്റെ ആഴവും വ്യാപ്തിയും കണ്ടറിഞ്ഞ്  നമ്മള്‍ എന്നും ഒരു നല്ലകൂട്ടുകാരനോ കൂട്ടുകാരിയോ ആയി ജീവിക്കുക. ഈ   ചെറിയ ജീവിതത്തില്‍ നമുക്ക് കിട്ടാവുന്ന പുണ്യമായി ഒരോ സൗഹ്രിദങ്ങളേയും കാണുക. മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.എന്നെ സ്നേഹിക്കുന്ന,ഞാന്‍ സ്നേഹിക്കുന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്മയോടെ,സ്നേഹത്തോടെ നേരുന്നു ..സന്തോഷത്തോടെ ഒരു സൗഹ്രിദ ദിനം
Happy FRIENDSHIP Day

Friday, 10 June 2011

പ്രവാസി


തെളിഞ്ഞൊഴുകുന്ന പുഴകളേ ,പച്ചവിരിച്ചാടുന്ന പാടങ്ങളെ
നെഞ്ചോട് ചേര്‍ത്ത് സ്നേഹിച്ചവന്‍ , ഉടുത്തിരിക്കുന്ന മുണ്ടും
മാടികുത്തി കടത്തിണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറപറഞ്ഞിരുന്നവന്‍
അവന്റെ ആഗ്രഹത്തിന് മുകളില്‍ അത്യാഗ്രഹം കുടിയേറിയപ്പോള്‍
ആ ആകാശനൗകയുടെ ചിറകില്‍ അവന്‍ കടലുതാണ്ടി വന്നു.
മുരള്‍ച്ചയോടെ ഓടിമറയുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ക്കും
ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും.ഒറ്റമുറിയിലെ രണ്ടാനിലയില്‍
നാടിന്റെ പച്ചപ്പിനെ ഓര്‍മ്മയാക്കിമാറ്റുന്നു.
കുത്തരി ചോറും,സ്വദേറിയ കറികളിലും മതിമറന്ന അവന്റെ
നാവില്‍ പച്ചമൈദയില്‍ ചുട്ടെടുത്ത് കുബ്ബൂസും,തൈരും രുചിപകര്‍ന്നു.
അറിയാതെ എങ്കിലും ഒരു നുള്ള് ഉപ്പുകൂടിയതിന് കലഹിച്ച ആ രാത്രി
ആ അമ്മയുടെ കൈപുണ്യം ,അതിനെല്ലാം മനസ്സില്‍ കുറ്റബോധം തൊന്നി.
മുരളുന്ന എയര്‍കണ്ടീഷനു കീഴെ തലചായ്ക്കുമ്പോള്‍ ആ കണ്ണില്‍ നിന്നും
അടര്‍ന്നു വീണ കണ്ണുനീര്‍ അവന്റെ തലയിണകളെ ഈറനണിയിച്ചു.
ദിവങ്ങള്‍ പിന്നിലോട്ട് നീങ്ങുന്നു. എഴുതിവച്ച കരാറും കഴിഞ്ഞ്
വീണ്ടും അവന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പ്രവാസജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞുനോട്ടം നടത്തിയാല്‍
എന്താണ് നേട്ടങ്ങള്‍?
നിത്യരോഗങ്ങളായ കൊളസ്ട്രോളും ഷുഗറും,പ്രമേഹവും!!

Wednesday, 8 June 2011

ഒറ്റചിലങ്ക

അഗ്രഹാരത്തിന്റെ തുളസിത്തറയുള്ള തിരുമുറ്റത്ത് വേദമന്ത്രങ്ങളുടെ പതിഞ്ഞ ശബ്ദങ്ങള്‍ക്കിടയില്‍  പട്ടുപാവാടയുടൊത്തൊരു കുഞ്ഞുബാല്യം. അവളുടെ കളിയും ചിരിയുമെല്ലാം ചിലങ്കകളുടെ കിലുക്കമായിരുന്നു,സംഗീതത്തിന്റെ സ്വരങ്ങളായിരുന്നു.ഭാഗവതരായ മുത്തശ്ശന്റെ സംഗീതശീലുകളായിരുന്നു എന്നും അവളുടെ കാതുകളില്‍ .അമ്മയുടെ നൃത്തചുവടുകളായിരുന്നു അവള്‍ ഹ്രിദിസ്ഥമാക്കിയതും.  മനസ്സില്‍ അവളെന്നും പ്രണയിച്ചതും നൃത്തവും സംഗീതവും മാത്രം.കളം വരച്ചകോലായിയില്‍ അവള്‍ ചിലങ്കളുടെ സംഗീതം പകര്‍ന്നാടി.കലയെ മാത്രം മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ ഒരു കലാകാരിയാകണം വേദികളില്‍ അരങ്ങു തകര്‍ത്ത് നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങള്‍ ഇതെല്ലാം അവളുടെ ആഗ്രഹമയിരുന്നു.സ്വപ്നങ്ങളായിരുന്നു. പക്ഷേ കാലം അവളെ പെട്ടെന്ന് വളര്‍ത്തി.സംഗീതത്തിനും നൃത്തത്തിനുമൊപ്പം മനസ്സില്‍ നിശബ്ദമായി നെഞ്ചിലേറ്റിയ ഒരു പ്രണയസങ്കല്പം കൂടി തകര്‍ത്തെറിഞ്ഞ് ഒരു യാഥാസ്തിതിക കുടുംബന്ധത്തിന്റെ ഉറച്ച അടിവേരുകളുടെ നിര്‍ബന്ധിത താലിചരടിനു മുന്നില്‍ അവള്‍ക്ക് തലകുനിക്കേണ്ടി വന്നു.തന്റെ ഇണയിലെ കലയോടുള്ള ശ്യൂനമായ സ്നേഹം തന്റെ ചിലങ്കകള്‍ക്കൊപ്പം മനസ്സിലെ പ്രതീക്ഷകളും,സ്വപ്നങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണെന്ന നനുത്ത നോവ് പതുക്കെ അവള്‍ തിരിച്ചറിഞ്ഞു.വീണകമ്പികളില്‍ സ്വരമുയര്‍ത്തിയ അവളുടെ വിരലുകള്‍പോലും അവള്‍ക്ക് വ്യര്‍ത്ഥമെന്ന് തോന്നി. അവളുടെ ചിലങ്കള്‍ പടിഞ്ഞാറ്റെ തട്ടില്‍ പൊടിപിടിക്കാന്‍ തുടങ്ങി.അഗ്രഹാരത്തിന്റെ അകത്തളങ്ങളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ബലികഴിക്കേണ്ടി വന്നു.ഒരു ഭാര്യയില്‍ നിന്നും ഒരു സ്ത്രീ അനുഗ്രഹിക്കപ്പെടുന്ന മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് അവള്‍ മാറ്റപ്പെട്ടു.ചുരന്നിറങ്ങുന്ന മുലപ്പാലിനൊപ്പം അവളുടെ മനസ്സിലെ സംഗീതവും ,നൃത്തവും ഊട്ടി അവള്‍ അവളുടെ പൊന്നോമനയെ വളര്‍ത്തി.മനസ്സിലെ ബാക്കിയായ ആഗ്രഹങ്ങള്‍ക്ക് മകളിലൂടെ പൂര്‍ണതയേകാന്‍ ആ അമ്മമനസ്സ് വല്ലാതെ തുടിച്ചു.പിച്ചവെച്ചനാള്‍ മുതല്‍ ആ പതുപതുത്ത കാലുകളില്‍ നൃത്ത ചുവടു പകര്‍ന്നു നല്‍കി. ഉറക്കാന്‍ പാടിയ താരാട്ടിലൂടെ സംഗീതത്തിന്റെ സ്വരങ്ങള്‍ ആ കൊച്ചുകാതില്‍ ഉരുവിട്ട് കൊടുത്തു.ആ കുഞ്ഞു കൈക്കും കാലിനുമൊപ്പം സംഗീതവും,നടനവും വളര്‍ന്നു.സ്നേഹത്തില്‍ ചാലിച്ച് അമ്മ നല്‍കിയ കലാഭിരുചി അവളുടെ കാലില്‍ ചിലങ്കയണിയിച്ചു,അവള്‍ക്കു വേണ്ടി ശ്രുതികളുണര്‍ന്നു.വേദികളില്‍ ആ കൊച്ചു കലാകാരി നേട്ടങ്ങള്‍ നേടിയെടുക്കുമ്പോള്‍ മനസ്സില്‍ തനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളും,അഗ്രഹങ്ങളും വീണ്ടെടുക്കുകയായിരുന്നു ആ അമ്മ.സ്വന്തം മകളിലൂടെ പണ്ടെങ്ങോ കാലം മടക്കിയെടുത്ത സ്വപ്നങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു ആ അമ്മ. മക്കളെന്ന മഹാപുണ്യം എന്നും മാതാപിതാക്കള്‍ക്കു വേണ്ടി വിജയിക്കുകയാണ്.അവരിലേക്കെത്തുന്ന ഒരോ ബഹുമതികളും ,കൈയ്യടികളും ജന്മംകൊടുത്തവര്‍ക്ക്  പകരം നല്‍കുന്ന സമ്മാനമാണ്.

ചെമ്മീന്‍ Facebook Version

പരീകുട്ടി : കറുത്തമ്മ ഫേസ് ബുക്ക് വിട്ട് പോയാലും ഞാന്‍ ഫേസ് ബുക്ക് വിടില്ല
കറുത്തമ്മ:കൊച്ചു മുതലാളി നമ്മളെന്തിന് ഈ ഫേസ് ബുക്കില്‍ കണ്ടുമുട്ടി?
പരീകുട്ടി: ദൈവം സജസ്റ്റ് ചെയ്തിട്ട്.ഞാനീ ഫേസ് ബുക്കില്‍ കറുത്തമ്മയെ ഓര്‍ത്ത് കമന്റടിച്ച് കമന്റ്ടിച്ച് നടക്കും
കറുത്തമ്മ: ഞാന്‍ ത്രിക്കുന്നപുഴയിലിരുന്ന് ഞാന്‍ ആ കമന്റെ കണ്ട് ചങ്കുപൊട്ടികരയും
പരീകുട്ടി:ഒടുവില്‍ ലൈക്കടിച്ച് ലൈക്കടിച്ച് മൗസ് കേടാകും
കറുത്തമ്മ:അതിന് മുന്‍പ് ഞാന്‍ പുതിയ റിക്വസ്റ്റുമായി പറന്നിങ്ങ് എത്തും
പരീകുട്ടി: എന്നിട്ട് ഓണ്‍ലൈനുള്ള രാത്രിയില്‍ രണ്ട് പ്രൊഫൈലും ടാഗ് ചെയ്ത് പോക്കടിച്ചു ഈ ഫേസ് ബുക്കില്‍ സ്റ്റേറ്റസ് ഇട്ട് നടക്കും

Thursday, 2 June 2011

കൂട്ടുകാരി

ഇന്നും പതിവു പോലെ ആ മുഖപുസ്തകത്തിന്റെ താളുകള്‍ ഞാന്‍ മറിച്ചു നോക്കി, ഓര്‍മ്മയിലെവിടെയോ എഴുതിവച്ച അവളുടെ പേരിന് ഞാന്‍ ഒരു അടിക്കുറിപ്പെഴുതി. എന്നെ സ്വയം പരിചയപ്പെടുത്തി. കേട്ടുമറന്നതാണെങ്കിലും എന്നെ തിരിച്ചറിയാനും അവള്‍ക്ക് അധികനേരം വേണ്ടി വന്നില്ല.ഔപചാരികതയുടെ പുറം മോഡിയില്ലാതെ പരസ്പരം വാചാലരായി.പറയുന്ന വാക്കുകള്‍ക്കിടയില്‍ തമ്മിലറിയാവുന്നവരെ കുറിച്ചുള്ള വര്‍ണ്ണനകള്‍ .ഒരു ചെറിയ  സമയം കൊണ്ട് കാലങ്ങളുടെ പരിചയം പോലെ ചങ്ങാത്തം വളരുന്നത് പരസ്പരം അറിഞ്ഞു.അവളുടെ വാക്കുകളില്‍ നിഷ്കളങ്കത തുളുമ്പുന്ന കൊച്ചു കിട്ടിയുടെ നൈര്‍മല്യവും ഒരു നല്ല കൂട്ടുകാരിയുടെ സ്നേഹോപദേശം നിറഞ്ഞിരുന്നു.ഭൂതകാലത്തിന്റെ അടിയൊഴുക്കില്‍ ഒഴുകിപോയ ഓര്‍മ്മകളും , സന്തോഷങ്ങളും ,മനസ്സില്‍  നീറുന്ന വേദനയോടെ പൊതിഞ്ഞുകെട്ടിയ നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പരസ്പരം തുറന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ മൂടികെട്ടിയ കാര്‍മേഘങ്ങള്‍ ഒരു മഴയായ് പെയ്തുതോര്‍ന്ന പ്രതീതി.വാക്കുകളിലെ അളവറ്റ സ്നേഹവും സൗഹ്രിദവും പരസ്പരം പങ്കുവെച്ച് പിരിയുമ്പോള്‍ രണ്ടുപേരും അറിയാതെ പറഞ്ഞ വാക്കുകള്‍ " നീ ഒരിക്കലും തനിച്ചല്ല ഞാന്‍ നിന്നോടൊപ്പമുണ്ട് ".ആ സൗഹ്രിദം എന്നെ ഓര്‍മ്മിപ്പിച്ചത്  ആണ് .മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.

Monday, 30 May 2011

ഭാര്യ

അമ്മയ്ക്ക്  പൊന്നുമോളായി
അച്ചന് ഓമനയായി
പൊന്നാങ്ങളമാരുടെ ഉണ്ണിയാര്‍ച്ചയായി
ഏട്ടത്തിമാരുടെ നാത്തൂനായി
ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട
താലിചരടിന്റെ ബന്ധ(ന)ത്തില്‍
ഒരു ഭാര്യയായി.